പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.

ചരിത്രവും ആചാരങ്ങളും

 
എറണാകുളം  ജില്ലയുടെ  പടിഞ്ഞാറെ തീരത്ത് അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന  വൈപ്പിൻ എന്ന ദ്വീപിന്റെ മധ്യഭാഗത്തായാണ് പള്ളത്താംകുളങ്ങരെ  ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.. പതിനാലാം നൂറ്റാണ്ടിൽ ഉണ്ടായ ( എഡി 1341 എന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു) ഒരു വെള്ളപ്പൊക്കത്തെ തുടർന്ന് പെരിയാർ ഗതിമാറിയൊഴുകി എന്നും അങ്ങനെ രൂപം കൊണ്ടതാണ് ഇന്നത്തെ കൊച്ചി അഴിമുഖവും വൈപ്പിൻ ദ്വീപും എന്നാണ് പറയപ്പെടുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള  ദ്വീപുകളിൽ ഒന്നാണ് വൈപ്പിൻ. വൈപ്പിനിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ  ഒന്നാണ് പള്ളത്താംകുളങ്ങരെ  ഭഗവതി ക്ഷേത്രം.

ഐതിഹ്യം
ക്ഷേത്രത്തിലെ മൂലവിഗ്രഹം നൂറ്റാണ്ടുകൾക്ക് മുൻപ് സമുദ്രത്തിൽ നിന്നും ലഭിച്ചതാണെന്നും സമുദ്രം പിൻ‌വാങ്ങിയ പള്ളത്ത് ഈ വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു  എന്നുമാണ്  ഈ ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള  ഐതിഹ്യം. കാലാകാലങ്ങളിൽ  ക്ഷേത്രത്തിൽ നടത്തിയിട്ടുള്ള അഷ്ടമംഗല്യ പ്രശ്നങ്ങളിൽ നിന്നും അറിയാൻ സാധിച്ചിട്ടുള്ളതും ഇപ്രകാരം തന്നെ. ഇങ്ങനെ കടൽ പിൻ‌വാങ്ങിയ പള്ളത്ത് പ്രതിഷ്ഠിക്കപ്പെട്ടതിനാൽ  പിൽക്കാ‍ലത്ത് ക്ഷേത്രം പള്ളത്താംകുളങ്ങരെ  ഭഗവതി ക്ഷേത്രം എന്ന പേരിൽ അറിയപ്പെട്ടു.
അഷ്ടബാഹുക്കളോടുകൂടിയ  ദുർഗ്ഗാഭാവത്തിലുള്ള ഭദ്രകാളിയാണ്  ക്ഷേത്രത്തിലെ പ്രതിഷ്ഠ. മറ്റ് ഉപപ്രതിഷ്ഠകൾ ഒന്നും ഇല്ലെന്നതും പടിഞ്ഞാറ് ദിക്കിലേയ്ക്കാണ് ദർശനം എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.. വിദ്യാകാരകനായ ബുധന്റെ സാന്നിദ്ധ്യം ഈ ക്ഷേത്രത്തിലുണ്ടെന്ന് അഷ്ടമംഗല്യ പ്രശ്നങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിലെ ഉയർച്ചക്ക് വിദ്യാമന്ത്രാർച്ചന നടത്തുന്നതും ഇവിടെ വിശേഷമായി കരുതുന്നു.
പൂജകൾ :
ദിവസവും രാവിലെ നാലുമണിയ്ക്ക് പള്ളിയുണർത്തലിനു ശേഷം നാലരമണിയോടെ  നടതുറക്കുന്നു. പിന്നീട് അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, ഏതൃത്തപൂജ  എന്നിവ നടക്കുന്നു. അതിമധുരപ്പായസ നിവേദ്യത്തോടെയുള്ള  ഉച്ചപൂജ കഴിഞ്ഞ് രാവിലെ പത്തുമണിയോടെ നട അടയ്ക്കുന്നു. വീണ്ടും വൈകുന്നേരം അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. അസ്തമയ സന്ധ്യയ്ക്ക് ദീപാരാധന, രാത്രി എട്ട് മണിയ്ക്ക് അത്താഴപൂജ എന്നിവയ്ക്ക് ശേഷം നട അടയ്ക്കുന്നു. ഇതാണ് സാധാരണ ദിവസത്തെ പൂജകൾ. എല്ലാ മാസവും ഭരണി നാളിലും ഉത്സവനാളുകളിലും ഇതിനു പുറമേ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്ന താണ്‌. മേടം പത്തിനു നടക്കുന്ന ഗുരുതി പൂജയും വിശേഷപ്പെട്ടതാണ്.
പ്രധാനപ്പെട്ട  വഴിപാടുകൾ
ഇവിടത്തെ പ്രധാനപ്പെട്ട വഴിപടുകൾ പുഷ്പാഞ്ജലി, ഗുരുതി പുഷ്പാഞ്ജലി, വിദ്യാമന്ത്രാർച്ചന, നിത്യപൂജ, നിറമാല, തുലാഭാരം, പന്തീർനാഴി,  പട്ടും താലിയും സമർപ്പണം, താലം സമർപ്പണം എന്നിവയാണ്. ഭഗവതിയ്ക്ക് പ്രിയങ്കരമായ നിവേദ്യങ്ങൾ കടും‌പായസം, അപ്പം, കദളിപ്പഴം എന്നിവയാണ്.
ഉടമസ്ഥതയും   ഭരണക്രമവും
ക്ഷേത്രത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിലുള്ള പുരാതന നായർ കുടുംബാംഗങ്ങളും ബ്രാഹ്മണ കുടുംബാംഗങ്ങളും ചേർന്ന ഒരു യോഗത്തിനാണ്  ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം. ക്ഷേത്രത്തിനു തെക്ക് ഠാണാവ് ഇടവഴിമുതൽ വടക്ക് പള്ളിപ്പുറം വരെയുള്ള മേല്പറഞ്ഞ കുടുംബാംഗങ്ങൾ ചേർന്ന യോഗത്തെ വടക്കേചേരുവാരയോഗം  എന്നും ഠാണാവ് ഇടവഴിയ്ക്ക് തെക്ക്  എടവനക്കാട് വരെയുള്ള കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന യോഗത്തെ തെക്കേചേരുവാര യോഗം  എന്നും പറയുന്നു. ക്ഷേത്ര ഭരണം അഞ്ച് അംഗങ്ങളുള്ള ഒരു സമിതിയാണ് നടത്തിവരുന്നത്. പ്രസിഡന്റ്, സെക്രട്ടറി മൂന്ന് അംഗങ്ങൾ എന്നിങ്ങനെയാണ് സമതിയുടെ ഘടന. മൂന്നു വർഷമാണ് ഒരു സമിതിയുടെ കാലാവധി. പ്രസിഡന്റും രണ്ട് മെംബർമാരും ഒരു ചേരുവാരയോഗത്തിൽ നിന്നാണെങ്കിൽ സെക്രട്ടറിയും ഒരു മെംബറും രണ്ടാമത്തെ യോഗത്തിൽ നിന്നാണ്  തിരഞ്ഞെടുക്കപ്പെടുക. എല്ലാ യോഗാംഗങ്ങളും ഉൾപ്പെടുന്ന പൊതുയോഗത്തിൽ വെച്ചാണ് ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്. കൂടാതെ ഭരണകാര്യങ്ങളിൽ സമിതിയെ സഹായിക്കുന്നതിന് പാട്ടമാളി, മോനോൻ എന്നീ രണ്ട് ഉദ്യോഗസ്ഥരും  ഉണ്ട്. ഇവരും ഓരോ ചേരുവാരയോഗത്തെ  പ്രതിനിധീകരിക്കുന്നവരാണ്. മേല്പറഞ്ഞ സമുദായാംഗങ്ങളാണ്  ക്ഷേത്രഭരണം നടത്തുന്നത് എങ്കിലും സമസ്ത ജനവിഭാഗങ്ങളും ക്ഷേത്ര ദേവതയെ ദേശദേവതയായിക്കണ്ട്  ആരാധിച്ചുവരുന്നു. ക്ഷേത്രത്തിന്റെ അഭിവൃദ്ധിയ്ക്കും ക്ഷേമത്തിനും എല്ലാ വിഭാഗങ്ങളും നിർലോഭമായ സഹായസഹകരണങ്ങൾ  നൽകിവരുന്നുണ്ട്.
താലപ്പൊലി  മഹോത്സവം
ഏറെ പ്രത്യേകതകൾ ഉള്ളതാണ് ഈ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം. കുംഭമാസത്തിലെ ഭരണിനാളിൽ ആറാട്ടിന് പ്രാധാന്യം നൽകിയാണ് ക്ഷേത്രത്തിലെ എട്ടു ദിവസം നീണ്ടു നിൽക്കുന്ന  താലപ്പൊലി മഹോത്സവം ആഘോഷിക്കുന്നത്. കൊടികയറ്റം കാണിയ്ക്ക വെച്ച് തൊഴുന്നത് ഏറെ വിശേഷമായി കണക്കാക്കുന്നു. കൊടികയറി എല്ലാ ദിവസവും ആറാട്ട് കഴിഞ്ഞാണ് ശീവേലിയ്ക്ക് എഴുന്നള്ളിക്കുന്നത് എന്നത് ഇവിടത്തെ പ്രത്യേകതയാണ്.
പ്രധാന ഉത്സവമായ താലപ്പൊലി കൊടികയറി അഞ്ചാം നാളിലാണ് ആഘോഷിക്കുന്നത്. രണ്ട് ചേരുവാരയോഗങ്ങളും  വളരെ മത്സരബുദ്ധിയോടെ മഹോത്സവം കൊണ്ടാടുന്നു. കേരളത്തിലെ പ്രഗൽഭരായ മേളകലാകാരന്മാരേയും ഗജവീരന്മാരേയും താലപ്പൊലിമഹോത്സവത്തിൽ  അണിനിരത്താൻ രണ്ടു ചേരുവാരയോഗങ്ങളും  പ്രത്യേകം ശ്രമിക്കാറുണ്ട്. താലപ്പൊലി ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെ ആരംഭിക്കുന്ന പകൽ‌പ്പൂരത്തോടെ വാശിയേറിയ മഹോത്സവ പരിപാടികൾ ആരംഭിക്കുന്നു. രണ്ടു ചേരുവാരങ്ങിളിലേയും  തലയെടുപ്പ് കൂടിയ ഗജവീരന്മാർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തി കോലം കയറ്റി പാണിയുടെ അകമ്പടിയോടെ ക്ഷേത്രത്തെ വലം‌വെയ്ക്കുന്നു.


തുടർന്ന് തെക്കേചേരുവാരം  പഞ്ചവാദ്യം ക്ഷേത്രത്തിനു സമീപമുള്ള ശിവക്ഷേത്രത്തിനു മുൻപിലും വടക്കേചേരുവാരം പഞ്ചവാദ്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ആനപ്പന്തലിലും അരങ്ങേറുന്നു. ഉത്സവദിവസം ഭഗവതിയുടെ തിടമ്പേറ്റുന്നതിനുള്ള  അവകാശം ഓരോ വർഷവും ഇരുചേരുവാരങ്ങൾ ക്കും മാറിമാറി ലഭിയ്ക്കുന്നു. പഞ്ചവാദ്യത്തിനു ശേഷം അഞ്ചുമണിയ്ക്ക് ചെണ്ടമേളം ആരംഭിക്കുന്നു. വൈകുന്നേരം ആറുമണിയാകുമ്പോഴേയ്ക്കും  ഇരു ചേരുവാരങ്ങളുടേയും  മേളങ്ങൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മൈതാനിയിൽ അഭിമുഖമായി പണിതിരിക്കുന്ന പൂപ്പന്തലിൽ എത്തിയിരിക്കും. പരസ്പരം

വാശിയോടെയുള്ള കുടമാറ്റവും ഗജവീരന്മാരുടെ നില്പും എല്ലാം തൃശ്ശൂർപൂരത്തിന്റെ പ്രതീതി ഉളവാക്കുന്നതാണ്.. രാത്രി എട്ടുമണിയോടെ പൂരം അവസാനിക്കുന്നു. തുടർന്ന് രണ്ട് ചേരുവാരങ്ങളുടേയും  കരിമരുന്ന് പ്രയോഗമാണ്. പൂരത്തിൽ ഉള്ള വാശിയിലും ഒട്ടും കുറവല്ല വെടിക്കെട്ടിലെ മത്സരവും. ആദ്യം വടക്കേചേരുവാരത്തിന്റെ  വെടിക്കെട്ടും തുടർന്ന് തെക്കേചേരുവാരത്തിന്റെ  വെടിക്കെട്ടും നടക്കുന്നു. പിന്നെ അല്പ സമയം വിശ്രമമാണ്.

ഇരുചേരുവാരങ്ങളിൽ നിന്നുമുള്ള ഗുരുതികഴിഞ്ഞുള്ള  താലങ്ങൾ ക്ഷേത്രത്തിൽ എത്തിയതിനുശേഷം  രാത്രി രണ്ടുമണിയോടെ അടുത്ത പൂരം ആരംഭിക്കുന്നു. ഇത്തവണ വടക്കേചേരുവാരത്തിന്റെ  പൂരം (പഞ്ചവാദ്യം)  സമീപത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. പഞ്ചവാദ്യം അവസാനിക്കുന്നത് പടിഞ്ഞാറെ മൈതാനിയിലെ പൂപ്പന്തലിൽ വെച്ചാണ്. തുടർന്ന് ഭഗവതിയുടെ തിടമ്പുമായി ഇരുചേരുവാരങ്ങളും  മത്സരബുദ്ധിവെടിഞ്ഞ് ഒരുമിച്ച്

ചെണ്ടമേളത്തിനായി അണിനിരക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. പാണ്ടി മേളം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട, എന്നീ അലങ്കാരങ്ങളോടും, നാഗസ്വരത്തിന്റെ അകമ്പടിയോടും എത്തുന്ന ക്ഷേത്രം മേൽശാന്തി ആരതിയുഴിഞ്ഞ് പൂർണ്ണകുംഭത്തോടെ ദേവിയെ ക്ഷേത്രത്തിലേയ്ക്ക് ആനയിക്കുന്നു. താലങ്ങളും, വായ്ക്കുരവയും, ആർപ്പുവിളികളുമായി ഭക്തജനങ്ങളും ദേവിയെ എതിരേൽക്കുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള ആനപ്പന്തലിൽ നടക്കുന്ന മേളവും ഗംഭീരമാണ്.
താലപ്പൊലിയോടനുബന്ധിച്ച്  ഭക്തജനങ്ങൾ ഭഗവതിയ്ക്ക് നൽകുന്ന പ്രധാനപ്പെട്ട ഒരു വഴിപാടാണ് താലം. മിക്കവാറും എല്ലാമാസവും താലങ്ങൾ ക്ഷേത്രത്തിൽ എത്താറുണ്ടെങ്കിലും മഹോത്സവ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ താലം ക്ഷേത്രത്തിൽ എത്തുന്നത്. താലം ദേവിയ്ക്ക് പ്രിയപ്പെട്ട വഴിപാടായി കരുതപ്പെടുന്നു. തൊഴിൽ സംബന്ധമായ അഭിവൃദ്ധിയ്ക്കും രോഗവിമുക്തിയ്ക്കും സാധാരണയായി  താലം നടത്തപ്പെടുന്നു.
താലപ്പൊലിയോടനുബന്ധിച്ച്  മാത്രം നടക്കുന്ന മറ്റൊരു ചടങ്ങാണ് വേലതുള്ളൽ.  അലങ്കരിച്ച ബിംബങ്ങളുമായി  തപ്പ്, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ  ആർത്തട്ടഹസിച്ച് ക്ഷേത്രമതിലിനു വെളിയിലായി  വൈകീട്ട് ദീപാരാധനയ്ക്ക് മുൻപ് മൂന്ന് പ്രദക്ഷിണം വെയ്ക്കുന്നു. താലപ്പൊലിയ്ക്ക് ശേഷം രേവതിനാളിലും അശ്വതിനാളിലുമായി  ഓരോ ചേരുവാരക്കാർ  വേല നടത്തുന്നു. ദാരിക വധത്തിനു മുന്നോടിയായുള്ള  പടപ്പുറപ്പാടിനെ അനുസ്മരിപ്പിക്കുന്നതാണ്  വേലതുള്ളൽ.

താലപ്പൊലിയോടനുബന്ധിച്ച്  നടക്കുന്ന മറ്റൊരു ചടങ്ങാണ് പടയണി.  ക്ഷേത്രത്തിനു പുറത്ത് പടിഞ്ഞാറെ വെളിയിൽ തെക്കേനടമുതൽ പടിഞ്ഞാറെ നടവരേയും വടക്കേനടമുതൽ പടിഞ്ഞാറെ നടവരേയും മൂന്നു നിരകളിലായി ഓലകൊണ്ടുണ്ടാക്കിയ ചൂട്ടുകൾ കുത്തിനിറുത്തുന്നു. ഭരണിനാൾ വെളുപ്പിന് നാലുമണിയ്ക്ക് ഇരു ചേരുവാരാംഗങ്ങളും  ചേർന്ന് ഈ ചൂട്ടുകൾ കത്തിയ്ക്കുന്നു. പിന്നീട് ഈ ചൂട്ടുകൾ എല്ലാം പടിഞ്ഞാറെ നടയ്ക്കൽ ഒരുമിച്ചുകൂട്ടി കത്തിച്ച് ചാമ്പലാക്കുന്നു. ദാരികന്റെ കോട്ട കത്തിയ്ക്കുന്നതിനെ അനുസ്മരിപ്പിക്കുന്നതാണ്  ഈ ചടങ്ങ്.

താലപ്പൊലിയോടനുബന്ധിച്ച്  നടക്കുന്ന  വിശേഷപ്പെട്ടതും അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം നിലനിൽക്കുന്നതുമായ ഒരു ചടങ്ങാണ് ആൾതൂക്കം. ഭരണിനാളിൽ ആണ് തൂക്കം നടക്കുന്നത്. രാവിലെ എട്ടുമണിയോടെ  കൊടിയിറക്കിയതിനു  ശേഷമാണ് ഭഗവതിയെ ആറാട്ടിന് എഴുന്നള്ളിക്കുന്നത്. ഇതും ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. തുടർന്ന് ഭരണിസദ്യ നടക്കുന്നു. വൈകീട്ട് അഞ്ചരയോടെയാണ്  തൂക്കം നടക്കുന്നത്. ദാരികനെ കണ്ടെത്തി വധിക്കുന്ന സങ്കല്പത്തിലാണ് തൂക്കം നടത്തുന്നത്. മരംകൊണ്ട് ഉണ്ടാക്കിയ പ്രത്യേക തൂക്കച്ചാടിൽ ചുവന്ന പട്ടുടുത്ത്, തലയിൽ കിരീടവും, കൈയ്യിൽ വാളും, മുഖത്ത് ചായങ്ങളും പൂശി  വ്രതാനുഷ്ഠാനത്തോടെ  എത്തിയ തൂക്കക്കാരനെ കച്ചയിൽ തൂക്കുന്നു.  തുടർന്ന് ഒട്ടേറെ ഭക്തന്മാർ ചേർന്ന് തൂക്കച്ചാടുയർത്തി അമ്പലത്തിനു വെളിയിലായി  മൂന്ന് പ്രദക്ഷിണം വെയ്ക്കുന്നു. തൂക്കച്ചാടിൽ നിന്നും തൂക്കക്കാരൻ പഴം എറിയാറുണ്ട്. രോഗവിമുക്തിയ്ക്കും ഭയം അകറ്റുന്നതിനും തൂക്കക്കാരന്റെ കയ്യിൽ കുട്ടികളെ കൊടുക്കാറുണ്ട്.. തൂക്കത്തെതുടർന്ന് ദീപാരാധനയ്ക്ക് ശേഷം നടയടയ്ക്കുന്നു. പിന്നീടുള്ള അഞ്ചു ദിവസം പ്രധാനപൂജാരിയ്ക്കല്ലാതെ ആർക്കും ക്ഷേത്രത്തിൽ പ്രവേശനം ഇല്ല. ഏഴാം ദിവസം നടതുറക്കുമ്പോൾ ഭഗവതിയെ ദർശിക്കുന്നതിനും അനുഗ്രഹങ്ങൾ വാങ്ങുന്നതിനും ധാരാളം ഭക്തർ ക്ഷേത്രസന്നിധിയിൽ എത്തുന്നു.
ക്ഷേത്രകാര്യങ്ങൾക്കായി ബന്ധപ്പെടേണ്ട വിലാസം
പള്ളത്താംകുളങ്ങരെ  ഭഗവതി ദേവസ്വം
കുഴുപ്പിള്ളി
അയ്യമ്പിള്ളി പി. ഒ.
എറണാകുളം (ജില്ല)
പിൻ-682501
ഫോൺ: -0484 2506440